Wednesday, 22 March 2017

അമൃത്സർ

അമൃത്സർ: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക ഇന്ത്യ-പാക് അതിർത്തിയിൽ അമൃത്സറിനു സമീപം അത്താരിയിൽ സ്ഥാപിച്ചു. പാകിസ്താനിലെ ലാഹോറിൽനിന്നുവരെ കാണാവുന്നത്ര ഉയരത്തിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്.
120 അടി നീളവും 80 അടി വീതിയുമുള്ള ത്രിവർണ പതാക 360 അടി ഉയരമുള്ള കൊടിമരത്തിനു മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യ-പാക് അതിർത്തിയിൽനിന്ന് ഏതാനും മീറ്ററുകൾ മാറിയാണ് പതാക സ്ഥാപിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ ലാഹോർ നഗരത്തിലെ അനാർക്കലി ബസാറിൽനിന്നാൽ ഈ ഇന്ത്യൻ ദേശീയ പതാക കാണാനാകും.
ഇത്രയും ഉയരത്തിൽ ശക്തമായ കാറ്റിനെ പ്രതിരോധിക്കും വിധത്തിലാണ് പതാക നിർമിച്ചിരിക്കുന്നതുന്നത്. പാരച്യൂട്ട് നിർമിക്കുന്ന വസ്തു ഉപയോഗിച്ചാണ് 100 കിലോഗ്രാമോളം ഭാരമുള്ള ഈ പതാക നിർമിച്ചിരിക്കുന്നത്. ഡൽഹിയിലെ കുത്തബ്മിനാറിനേക്കാൾ ഉയരമുള്ള കൊടിമരത്തിന് 55 ടൺ ഭാരമുണ്ട്.
രാത്രിയിലും വളരെ ദൂരെനിന്നു പോലും പതാക കാണുന്നതിന് കൊടിമരത്തിൽ എൽഇഡി ഫ്ളഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നാല് കോടി രൂപയാണ് പതാക സ്ഥാപിക്കുന്നതിന് ചിലവായത്. അമൃത്സർ ഇംപ്രൂവ്മെന്റ് ട്രസ്റ്റ് ആണ് ഇത് വഹിച്ചത്. എന്നാൽ പതാകയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും നിർവ്വഹിക്കുക അതിർത്തി രക്ഷാ സേനയാണ്.
എന്നാൽ, അതിർത്തിയിൽ പതാക സ്ഥാപിച്ചതിനെതിരെ പാകിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്. അതിർത്തി കടന്ന് പാകിസ്താനിൽ നിരീക്ഷണം നടത്തുന്നതിന് ഉയരമേറിയ ഈ കൊടിമരം ഇന്ത്യ ഉപയോഗിക്കുമെന്നാണ് പാകിസ്താൻ ഭയക്കുന്നത്. എന്നാൽ ഇന്ത്യയുടെ മണ്ണിലാണ് പതാക സ്ഥാപിച്ചിരിക്കുന്നതെന്നും ഒരു വിധത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങൾക്കും എതിരല്ല ഇതെന്നും ഇന്ത്യ വാദിക്കുന്നു.

No comments:

Post a Comment